2012, സെപ്റ്റംബർ 29, ശനിയാഴ്‌ച

ജാസ്മിയും ഫഹദും പ്രണയത്തിലാണ്..(കഥ)


"മുറ്റത്തെ മുല്ലകള്‍ വിരിഞ്ഞിട്ടുണ്ട്. തുരുതുരെ വിരിഞ്ഞ മുല്ലകളില്‍ വന്നിരിക്കുന്ന ചിത്ര ശലഭങ്ങളെ കാണുമ്പോള്‍ നീയാണ് എന്‍റെ മനസ്സില്‍. ചിത്ര ശലഭങ്ങളെക്കാള്‍ ഭംഗിയുള്ള എന്‍റെ മാത്രം ജാസ്മിന്‍" ഫഹദിന്‍റെ ശബ്ദം ജാസ്മിന്‍റെ കാതുകളില്‍ ഒരു കുളിരായി.
"ഡാ...നിന്നെ എനിക്ക് കാണാന്‍ കൊതിയായി. കഴിഞ്ഞയാഴ്ച ഉപ്പ കൊണ്ട് വന്ന റോസ് ചെടി പുഷ്പിച്ചു. രണ്ടു കളറുള്ള പൂക്കള്‍..മഞ്ഞയും ചുവപ്പും. അതില്‍ മഞ്ഞ നീ, ചുവപ്പ് ഞാന്‍. കാറ്റില്‍ രണ്ടു പുഷ്പങ്ങള്‍ ചേര്‍ന്ന് നില്‍ക്കുമ്പോള്‍, അവരുടെ ഇതളുകള്‍ പരസ്പരം സ്പര്‍ശിക്കുമ്പോള്‍, അറിയാതെ ഞാന്‍ എന്‍റെ കൈ, കവിള്‍ തടങ്ങളില്‍ തഴുകുന്നു. നിന്‍റെ ചുടുനിശ്വാസം എന്‍റെ കവിളില്‍ പതിയുന്ന പോലെ..നിന്‍റെ ചുണ്ടുകളിലെ തണുപ്പ് എന്‍റെ രക്തധമനികളിലേക്ക് ഊര്‍ന്നിറങ്ങുന്നു"....ജാസ്മിന്‍റെ ശബ്ദം ഒരു പൂപോലെ ഫഹദിന്‍റെ കാതുകളെ തഴുകി.
"കാണാന്‍ ഞാന്‍ എത്രയായി കൊതിക്കുന്നു. നീ അല്ലെ തടസം നില്‍ക്കുന്നെ. ഓരോ ഒഴിവുകഴിവുകള്‍ പറഞ്ഞു നീ നമുക്കിടയിലെ സമാഗമത്തിന് വിഘാതം നില്‍ക്കുന്നു" ഫഹദ് തന്‍റെ പരിഭവം മറച്ചു വച്ചില്ല.
"എല്ലാത്തിനും ഒരു സമയം ഉണ്ട് മോനെ...എന്‍റെ ഫഹുക്കാ" ...ജാസ്മിന്‍റെ കൊഞ്ചലിനു ഒരു പ്രത്യേക താളമുണ്ട്. അവളുടെ വാക്കുകള്‍ക്കും പ്രത്യേക താളമാണ്. ചിരിയാണ് അവളുടെ പ്രത്യേകത. മുഖം നിറഞ്ഞു ചിരിക്കുന്ന പ്രതീതി. ചുണ്ടുകള്‍ക്കൊപ്പം വിടര്‍ന്ന കണ്ണുകളും ചിരിക്കുന്നു. ആ കണ്ണുകളിലെ തിളക്കം ആരെയും ആകര്‍ഷിക്കുന്ന ഒന്നാണ്. ദൈവം കനിഞ്ഞു നല്‍കിയ സൌന്ദര്യം. വ്യത്യസ്ത രീതിയിലുള്ള അവളുടെ ക്ലോസപ്പ് ഫോട്ടോ ഗ്രാഫ് ഫഹദ് തന്‍റെ നെഞ്ചോട്‌ ചേര്‍ത്തു.
"നിന്‍റെ ഒരു ഫുള്‍ സൈസ് ഫോട്ടോ വേണം എനിക്ക്" ഫഹദ് പലപ്പോഴും പറയും.
"വേണ്ട കുട്ടാ...നമ്മള്‍ ഒന്നാവുന്ന നിമിഷങ്ങളില്‍ എന്തെങ്കിലുമൊക്കെ ഒരു സസ്പെന്‍സ് വേണ്ടേ.."
ഫഹദ് ജസ്മിനുമായി പ്രണയം തുടങ്ങിയിട്ട് വര്‍ഷം ഒന്ന് കഴിഞ്ഞു. പലരെയും പോലെ ഓണ്‍ലൈനില്‍ തുടങ്ങിയ ബന്ധം. കഥകളെ ഇഷ്ടപ്പെടുകയും, കവിതയെ സ്നേഹിക്കുകയും ചെയ്യുന്ന ഫഹദ്, ജസ്മിനുമായി അടുക്കുന്നത് അവളുടെ കവിതകളിലൂടെയാണ്. വരികളില്‍ ഒരു വിഷാദം എപ്പോഴും ഉണ്ടാവും ജാസ്മിന്‍റെ കവിതകള്‍ക്ക്. അതാണ്‌ ഫഹദ് ശ്രദ്ധിക്കാന്‍ കാരണം. അവളുടെ കവിതകളെ അവന്‍ പ്രോത്സാഹിപ്പിച്ചു, കവിതകളിലെ വിഷാദം ഒഴിവാക്കാന്‍ ഫഹദ് നിര്‍ദേശിച്ചപ്പോള്‍ ജാസ്മിന്‍റെ കവിതകളില്‍ കാര്യമായ മാറ്റങ്ങള്‍ കണ്ടു. ഒന്നോ രണ്ടോ പാരഗ്രാഫ് മാത്രം എഴുതിയിരുന്ന ജാസ്മിന് കൂടുതല്‍ എഴുതാന്‍ ഫഹദ് പ്രചോദനം നല്‍കി. അതവരുടെ അടുപ്പത്തിന് ആക്കം കൂട്ടി.
ആദ്യം തുറന്ന പറഞ്ഞത് ഫഹദ് തന്നെയാണ്. "ജാസ്മി...എന്നില്‍ ഒരു പ്രണയം നാമ്പിട്ടു തുടങ്ങിയിരിക്കുന്നു"....
"എന്‍റെ ഫഹുകുട്ടന് ആരോടാണാവോ പ്രേമം"....?
"തോന്നേണ്ട ആളോട് തന്നെ തോന്നി. എന്‍റെ ജാസ്മി കുട്ടിയോട് തന്നെ...നിന്നെ ഞാന്‍ സ്വന്തമാക്കിക്കോട്ടേ"..
"വേണ്ട ഫഹദ്..ഞാന്‍ നിനക്ക് ചെര്‍ന്നവള്‍ അല്ല...നിനക്ക് എന്നെക്കാള്‍ നല്ല ഒരു സുന്ദരികുട്ടിയെ കിട്ടും..."
"ഇല്ല..ജാസ്മിന്‍ ..ഈ ലോകത്തില്‍ എനിക്ക് നീയാണ് ഏറ്റവും സൌന്ദര്യമുള്ള പെണ്‍കുട്ടി..."
ജാസ്മിന്‍ കേള്‍ക്കാന്‍ കൊതിച്ച വാക്കുകള്‍. അവള്‍ക്കവനോട്‌ ആരാധനയായിരുന്നു. അത് പതുക്കെ പ്രണയമായത്‌ അവള്‍ക്കറിയാമായിരുന്നു. "എന്‍റെ കുടുംബം വളരെ പാവപ്പെട്ട കുടുംബമാണ് ഫഹദ്"....
"ജാസ്മി..ഞാന്‍ സ്നേഹിക്കുന്നത് നിന്നെയാണ്...നിന്‍റെ വീട്ടുകാരുടെ പണത്തെയല്ല.."
ജസ്മിയുടെ മിസ്‌കാള്‍ പ്രതീക്ഷിക്കാത്ത സമയമില്ല ഫഹദിന്..മിസ്‌കാള്‍ വന്നാല്‍ പിന്നെ ആവേശമാണ്..ഒത്തിരി നെരേം നില്‍ക്കും അവരുടെ സംഭാഷങ്ങള്‍..തീരാത്ത വിഷയങ്ങള്‍..ഹൃദ്യമായ ആ ബന്ധം തുടര്‍ന്നുകൊണ്ടിരുന്നു.
കൂട്ടുകാരി ഐഷക്കും അയല്‍വാസിയും കൂട്ടുകാരനുമായ ജാസിമിനും ജാസ്മിന്‍ എന്നും നന്ദി പറയും. കമ്പ്യൂട്ടര്‍ സ്വപ്നം കാണാന്‍ മാത്രം വിധിക്കപ്പെടുമായിരുന്ന തനിക്ക് സ്വന്തമായി ഒരു കമ്പ്യൂട്ടറും ഇന്റര്‍നെറ്റ്‌ കണക്ഷനും ഏര്‍പ്പാടാക്കി തന്നതിന്.
ഇന്ന് ഫഹദ് ജസ്മിയെ കാണാന്‍ പോകുന്നു. അവള്‍ക്കിഷ്ടമുള്ള കളര്‍ "നീല". ഇന്നത്തേക്ക് വേണ്ടി അവന്‍ നീലയും കറുപ്പും കലര്‍ന്ന ടീഷര്‍ട്ട്‌ വാങ്ങിച്ചിട്ടുണ്ട്. പറഞ്ഞു തന്ന അഡ്രസ്സും സ്ഥലവും നോക്കി കാര്‍ ഓടിച്ചു. പറഞ്ഞു വന്നപ്പോള്‍ തന്‍റെ നാട്ടില്‍ നിന്നും അധികം ദൂരമൊന്നുമില്ല. ബൈക്ക് എടുത്താല്‍ മതി. പക്ഷെ കാറ്റും വെയിലും കൊണ്ട് തന്‍റെ മുഖം കരിവാളിക്കുമോ ...അവളുടെ മുന്നില്‍ സുന്ദരനായി പ്രത്യക്ഷപ്പെടെണ്ടേ....വീട് കണ്ടു പിടിച്ചു. പഴയ ഓടു മേഞ്ഞ ഒരു വീട്. വീടിനു ഭംഗി കുറവാണെങ്കിലും മുറ്റം നിറയെ ചെടികള്‍ കൊണ്ട് ഒരു പൂന്തോട്ടമാക്കിയിരിക്കുന്നു. വൃത്തിയുള്ള മുറ്റം. "കയറി വരൂ"...ഫഹദ് വീടിനു മുറ്റത്ത് ശങ്കിച്ച് നിന്നപ്പോള്‍ അകത്തു നിന്നും ഒരു പുരുഷ ശബ്ദം...മുണ്ടുടുത്ത് മെലിഞ്ഞു വെളുത്ത ഒരു മധ്യവയസ്കന്‍..ഷര്‍ട്ട്‌ ഇട്ടിട്ടില്ല..തോളില്‍ ഒരു തോര്‍ത്തുമുണ്ട് ഉണ്ട്.."ഫഹദ് അല്ലെ?..മോള് പറഞ്ഞിരുന്നു വരുമെന്ന്..അകത്തേക്ക് കയറിക്കോളൂ....ഇങ്ങോട്ട് ഇരിക്കൂ.." ഒരു കസേര വലിച്ചിട്ടുകൊണ്ട് അദ്ദേഹം പറഞ്ഞു. കസേരയില്‍ ഇരിക്കുമ്പോള്‍ ഫഹദിന്‍റെ കണ്ണുകള്‍ തന്‍റെ പ്രിയപ്പെട്ടവളെ തിരയുകയായിരുന്നു.
"മോളെ ജസ്മീ....."
"ബാപ്പാ..ദാ വരുന്നു..."
അതെ..തന്‍റെ ജസ്മിയുടെ ശബ്ദം...ഫഹദിന്‍റെ ഹൃദയം ത്രസിച്ചു..കാലങ്ങളായി താന്‍ കാണാന്‍ കൊതിച്ച തന്‍റെ പ്രിയപ്പെട്ടവള്‍...."മോളെ...ബാപ്പ ഇപ്പൊ വരാം..." ബാപ്പ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു..."മോനിരിക്ക്...ഞാന്‍ ദാ വരുന്നു"...ഫഹദിന്‍റെ മറുപടിക്ക് കാത്തു നില്‍ക്കാതെ അദ്ദേഹം പുറത്തേക്ക് നടന്നു..
എവിടെ ജാസ്മി..ഇവിടെ വേറെ ആരുമില്ലേ ?....ഫഹദ് ചുറ്റുപാടും നോക്കി. ആളനക്കമോന്നുമില്ല...കുറച്ചു നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ശബ്ദം കേട്ട് ഫഹദ് മുന്‍പിലത്തെ വാതിലിലേക്ക് നോക്കി.
അതെ....ജാസ്മി...തന്‍റെ സുന്ദരിക്കുട്ടി...ഫോട്ടോയില്‍ കാണുന്നതിനെക്കാള്‍ ഭംഗി ഉണ്ട് അവള്‍ക്ക്...വിടര്‍ന്ന കണ്ണുകള്‍..വെളുത്തു തുടുത്ത കവിള്‍..പുഞ്ചിരിയില്‍ വിരിയുന്ന നുണക്കുഴികള്‍..നീണ്ടു വളഞ്ഞ കറുത്ത പുരികക്കൊടികള്‍......പക്ഷെ...താഴേക്കു നോക്കിയ ഫഹദ് ചാടി എണീറ്റു..ഇരുട്ട് കയറിയ പോലെ..
"ഫഹീ"...ജാസ്മിയുടെ ശബ്ദം കേട്ട് ഫഹദ് പതുക്കെ കസേരയിലെക്കിരുന്നു..
"കുഞ്ഞായിരിക്കുമ്പോള്‍ പോളിയോ ബാധിച്ചതാ..അരക്ക് താഴെ തളര്‍ന്നു..ഓര്‍മ്മ വച്ച കാലം മുതലേ ഞാന്‍ വീല്‍ ചെയറില്‍ ആണ്...." ജാസ്മിയുടെ മുഖത്ത് അല്പം കുറ്റബോധം ഉണ്ട്...
"ഫഹി.." വീല്‍ ചെയര്‍ ഉന്തി ജാസ്മിന്‍ പതുക്കെ ഫഹദിന്‍റെ അടുത്തേക്ക്‌ വന്നു.."പറയണം എന്ന് വിചാരിച്ചതാണ്..പക്ഷെ നിന്‍റെ സ്നേഹം, അത് നഷ്ടപ്പെടുമോ എന്ന് ഞാന്‍ ഭയന്നു..നീ എന്നെ കല്യാണം കഴിച്ചില്ലെങ്കിലും ഈ സ്നേഹം എന്നും എനിക്ക് വേണം എന്ന് തോന്നി..പലപ്പോഴും നീ കാണാന്‍ ആഗ്രഹിച്ചപ്പോള്‍ ഞാന്‍ മുടക്കം നിന്നത് അതുകൊണ്ടാണ്... എന്നോട് പൊറുക്കണം....എന്നെ വെറുക്കരുത്... ഫഹീ...എനിക്ക് ഈ ജീവിതത്തില്‍ സന്തോഷം തന്നത് നീയാണ്...എന്‍റെ പൂന്തോട്ടത്തിലെ പുഷപങ്ങളെ തലോടി, അവരോടു കിന്നരിച്ചു നടന്ന എന്‍റെ സ്വപ്നങ്ങള്‍ക്ക് വര്‍ണ്ണം നല്‍കിയത് നീയാണ്...നിന്നെ ഞാന്‍ മനപ്പൂര്‍വ്വം വഞ്ചിച്ചതല്ല...നീ എന്നെ മനസ്സിലാക്കും എന്ന് ഞാന്‍ കരുതുന്നു.."
**********
"ജാസ്മി...ഈ റോസാ പുഷ്പങ്ങള്‍ക്കും നിനക്കും ഒരേ മണം..." ...ജാസ്മിയുടെ പൂന്തോട്ടങ്ങളില്‍ വിരിഞ്ഞു നില്‍ക്കുന്ന റോസാ പുഷ്പങ്ങളെ തഴുകി..മറ്റേ കൈ കൊണ്ട് വീല്‍ ചെയര്‍ ഉന്തിക്കൊണ്ടു ഫഹദ് ജാസ്മിന്‍റെ കാതില്‍ മന്ത്രിച്ചു...
"എന്‍റെ ഫഹീ..." ഫഹദിന്‍റെ കൈ തഴുകി കൊണ്ട്, തല ഉയര്‍ത്തി അവന്‍റെ കണ്ണുകളിലേക്ക് നോക്കി അവള്‍ വിളിച്ചു..
"ഞാന്‍ ഭാഗ്യവതിയാണ്..ദൈവം എന്‍റെ കാലുകളെ നിശ്ചലമാക്കിയെങ്കിലും, എനിക്ക് ആവോളം സൌന്ദര്യം തന്നു..കഴിവുകള്‍ തന്നു...അതിലെല്ലാമുപരി സ്നേഹിക്കാന്‍ മാത്രം അറിയുന്ന എന്‍റെ ഫഹിയെ തന്നു...വീട്ടുകാരെയും കൂട്ടുകാരെയും എല്ലാം എതിര്‍ത്ത് ..എന്നെ വിവാഹം കഴിച്ചു...ഞാനാണ് ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതി"..
"അന്ന് അവിടെ നിന്നും ഞാന്‍ പോന്നതിനു ശേഷം..എനിക്ക് ഉറക്കമില്ലാത്ത രാത്രികള്‍ ആയിരുന്നു ജാസ്മി...എന്‍റെ മനസ്സ് പറഞ്ഞു...നീ ജസ്മിയെ സ്നേഹിച്ചത് അവള്‍ടെ ശരീരം കണ്ടല്ല..ആ നിഷ്കളങ്ക സ്നേഹം കണ്ടാണ്‌..നിന്നെ മറക്കാന്‍..വെറുക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല ജാസ്മി...നീ ഇല്ലാത്ത ഒരു ജീവിതം എനിക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുമായിരുന്നില്ല....."
ഫഹദും ജാസ്മിയും ജീവിക്കുകയാണ്..ഒരു മനസ്സായി...ഒരു ശരീരമായി...താങ്ങും തണലുമായി..ആരെയും അസൂയപ്പെടുത്തുന്ന സ്നേഹത്തോടെ...

2012, ജൂലൈ 14, ശനിയാഴ്‌ച

ഒരു നനുത്ത പ്രഭാതം - മൊബൈല്‍ കണ്ണുകളിലൂടെ

കൃത്യമായി അറിയില്ലെങ്കിലും ഏകദേശം ഏഴു വര്‍ഷങ്ങള്‍ ആയി എന്‍റെ സഹോദരിയുടെ വീട് പണി തുടങ്ങിയിട്ട്. ജൂലൈ 6, 2012 . അന്നായിരുന്നു കുടിയിരിക്കല്‍ (മലപ്പുറത്ത് ഗൃഹപ്രവേശത്തിന് അങ്ങിനെയാണ് പറയുക, ചിലയിടങ്ങളില്‍ വീടുകൂടല്‍ എന്നും പറയാറുണ്ട്‌). വീട് പണി നടക്കുന്ന സമയങ്ങളില്‍ പല തവണ അവിടെ സന്ദര്‍ശിച്ചിട്ടുണ്ട് എങ്കിലും അന്ന് ഞാന്‍ പുലര്‍ച്ചെ നാല് മണിക്ക് അങ്ങോട്ട്‌ പോയി. മുസ്ലിം ഗൃഹപ്രവേശനത്തിലെ ഏക ആചാരം സുബ്ഹി നമസ്കാരം അവിടെ വച്ച് നടത്തുക എന്നതാണ്. പക്ഷെ നമസ്കാരം പള്ളിയില്‍ കൂട്ടമായി നടത്തണം എന്നാണു ഇസ്ലാം നിസ്കര്‍ഷിക്കുന്നത് , പിന്നെ എങ്ങിനെ ഇതംഗീകരിക്കണം എന്നത് എന്നെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.

നമസ്കാരം കഴിഞ്ഞു. സമയം ഉദ്ദേശം അഞ്ചു മണി കഴിഞ്ഞു കാണും, പലരും വീടിന്‍റെ പല ഭാഗങ്ങളിലും നടന്നു കാണുന്നുണ്ട്. പണി പൂര്‍ത്തിയായിട്ടില്ല. ഇനിയും ഒത്തിരി പണികള്‍ ബാക്കിയുണ്ട്. ഞാന്‍ ജൂലൈ 7 നു കുവൈറ്റിലോട്ടു തിരിച്ചു പോകുന്നത് കാരണം, വളരെ തിരക്കിട്ട് കുടിയിരിക്കല്‍ നടത്തുകയാണ്. വളഞ്ഞു പുളഞ്ഞു കിടക്കുന്ന കോണിപ്പടികളിലൂടെ ഞാന്‍ മുകളിലോട്ടു കയറി.
ഹാന്‍ഡ്‌ റെയില്‍ന്‍റെ ഇരുവശത്തും ഗ്ലാസ്‌ പ്രൊട്ടെക്ഷന്‍ വയ്ക്കാനുണ്ട്‌. തലേ ദിവസം രാത്രി ചെറിയ രീതിയില്‍ മഴ പെയ്തിട്ടുണ്ട്. മുകളിലെ ഡോര്‍ തുറന്നിട്ടിരിക്കുന്നു. പുലര്‍ച്ചെ മൂന്നു മണിക്കാണ് ജോലിക്കാര്‍ കഴുകി വൃത്തിയാക്കി പോയത് എന്നറിയാന്‍ കഴിഞ്ഞു. ഞാന്‍ നേരെ പോയത് കാര്‍ പോര്‍ച്ചിന് മുകളിലുള്ള ബാല്‍ക്കണിയിലേക്കാണ്. എനിക്കെന്‍റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. പകല്‍ വെളിച്ചങ്ങളില്‍ അവിടെ നോക്കിയാല്‍ കടലുണ്ടി പുഴ വളരെ ആകര്‍ഷണീയമായ രൂപത്തില്‍ വളഞ്ഞു തിരിഞ്ഞു കിടക്കുന്നതു കാണാം. മലേഷ്യയിലെ ഗെന്റിംഗ് എന്ന സ്ഥലത്തേക്ക് മൂന്നു കിലോമീറ്ററോളം നീണ്ടു കിടക്കുന്ന റോപ് വേ യിലൂടെ കാടിന് മുകളിലൂടെ സഞ്ചരിക്കണം. ആ റോപ് വേ യിലൂടെ സഞ്ചരിക്കുമ്പോള്‍ കാണുന്ന വിശാലമായ പച്ചപ്പ്‌, അതാണ്‌ സാധാരണ ഇവിടെ നിന്നും നോക്കുമ്പോള്‍ എനിക്കനുഭവപ്പെടാറുള്ളത്. എന്നാല്‍ ഈ നനുത്ത പ്രഭാതം എന്നെ അമ്പരപ്പിച്ചു.
പര്‍വ്വതങ്ങള്‍ തലയെടുത്ത് നില്‍ക്കുന്ന പോലെ മേഘങ്ങള്‍ ..അതോ മഞ്ഞു മലയോ...! ? വിശാലമായ കിലോമീറ്റര്കളോളം വരുന്ന വൃക്ഷലദാദികളെ തങ്ങളുടെ ചിറകുകള്‍ക്കടിയിലെക്കൊതുക്കി മേഘപാളികള്‍ അടക്കി വാഴുന്ന കാഴ്ച! അങ്ങ് ദൂരെ കരിപ്പൂര്‍ എയര്‍ പോര്‍ട്ട്‌ കാണുന്നില്ല. തിരൂരങ്ങാടി കോളേജ് ഇല്ല. ചെമ്മാട് ടൌണ്‍ ഇല്ല, വേങ്ങരയുടെ വിശാലത കാണ്മാനില്ല, കടലുണ്ടി പുഴ അപ്രത്യക്ഷമായിരിക്കുന്നു, പുഴയ്ക്കു മുകളിലൂടെയുള്ള പാലമില്ല....പക്ഷെ സുന്ദരം, മനോഹരമായ കാഴ്ച, കണ്ണിനാനന്ദം പകരുന്ന നയന വിസ്മയമായ പ്രകൃതി സൌന്ദര്യം! ഊട്ടിയിലോ, കൊടൈക്കനാലിലോ പോവേണ്ട..ഈ കാഴ്ച കാണാന്‍!
സമയം പോയത് അറിഞ്ഞില്ല, "താഴെ വിളിക്കുന്നു.. ചായ കുടിക്കാന്‍" എന്നാരോ പറഞ്ഞപ്പോഴാണ് ബോധമുണ്ടായത്. മനസ്സില്ലാ മനസ്സോടെ താഴേക്കിറങ്ങി.
ചായ കുടി കഴിഞ്ഞു വീണ്ടും മുകളിലേക്ക് കയറി. കാഴ്ചകള്‍ക്ക് മറ്റൊരു കുളിര്‍മ നല്‍കി പച്ചപ്പ്‌ പുറത്തു വന്നിരിക്കുന്നു. മേഘപാളികള്‍/മഞ്ഞു പാളികള്‍ സൂര്യന്‍റെ കരശക്തിക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ ഒളിച്ചോടിയിരിക്കുന്നു...

നാളെ വീണ്ടും വറ്റി വരണ്ട മരുഭൂമിയിലേക്ക് പോകണമല്ലോ എന്ന സങ്കടത്തോടെ ഞാന്‍ എന്‍റെ കണ്ണുകളെ പതുക്കെ അടര്‍ത്തി മാറ്റി.

2012, മേയ് 24, വ്യാഴാഴ്‌ച

അവസാനിച്ച കാത്തിരിപ്പ്


അന്നും അവന്‍ അവളെ കാത്ത് അവിടെയിരുന്നു . ഈ കാത്തിരിപ്പും നോട്ടവും പുഞ്ചിരിയുമെല്ലാം എത്ര നാളായ് തുടരുന്നു. തനിക്കു തുറന്നു പറയാന്‍ ഭയമാണ്. എങ്ങിനെ പറയും. വശ്യമായ ആ പുഞ്ചിരിയില്‍ സ്വന്തത്തെ തന്നെ മറന്ന കാര്യം എങ്ങിനെ അവളുടെ അടുത്തു അവതരിപ്പിക്കും. താഴെ ഒഴുകുന്ന തെളിഞ്ഞ വെള്ളത്തിലൂടെ തുടിച്ചു നടക്കുന്ന മത്സ്യങ്ങളെ നോക്കി അവനിരുന്നു. ഇടയ്ക്ക് വിദൂരത്തേക്കു നോക്കാന്‍ അവന്‍ മറന്നില്ല, ആ വശ്യമായ പുഞ്ചിരി കാണാന്‍, ചന്തമുള്ള നടത്തം ആസ്വദിക്കാന്‍. അവളുടെ കുട ചൂടി, പുസ്തകക്കെട്ടുകള്‍ മാറിലടക്കി, കുലുങ്ങിയുള്ള ആ നടത്തം കാണാന്‍ എന്തൊരു ഭംഗിയാണ്. ഓരോരുത്തരായി നടന്നു പോയ്കൊണ്ടിരിക്കുന്നു. താന്‍ തിരയുന്ന മുഖത്തെ കാണുന്നില്ല. ഇന്നെവിടെപ്പോയി? വളരെ പണിപ്പെട്ടാണ് ധൈര്യം സംഭരിച്ചത്. ഇന്നലെ രാത്രി ഒരുപോള കണ്ണടച്ചിട്ടില്ല. ഉറക്കം അനുഗ്രഹിക്കാത്ത ആ രാത്രി ഇന്നത്തെ പകലിലെ ഈ ഇത്തിരി നേരത്തിനു വേണ്ടി മാറ്റിവച്ചതാണ്. വൈകുംതോറും അവന്‍റെ മനസ്സ് കലുഷിതമായിക്കൊണ്ടിരുന്നു. ഒരു ചെറിയ കല്ലെടുത്ത് താഴെ വെള്ളത്തിലേക്ക്‌ അലക്ഷ്യമായി അവന്‍ എറിഞ്ഞു. മല്‍സ്യക്കുഞ്ഞുങ്ങള്‍ നാനാ ഭാഗത്തേക്ക് പേടിച്ച് ചിതറിയോടിയപ്പോള്‍ അവന്‍റെ മനസ്സ് വേദനിച്ചു.
കുട്ടികള്‍ ഓരോരുത്തരായി പൊയ്ക്കൊണ്ടിരിക്കുന്നു. അവന്‍റെ മനസ്സ് തകര്‍ന്നു കൊണ്ടിരുന്നു. കാത്തിരിപ്പിന്‍റെ തീവ്രത അതെത്രമാത്രം കഠിനമാണ്. കലുങ്കിനു മുകളില്‍ നിന്നും അവന്‍ എഴുന്നേറ്റു, തന്‍റെ മുണ്ടില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പൊടി തട്ടിമാറ്റി. അതാ വരുന്നു...അങ്ങ് ദൂരെ നിന്ന്, താന്‍ കാണാന്‍ കൊതിച്ച തന്‍റെ മനസ്സിലെ നൊമ്പരം. പക്ഷെ കൂടെ ആരോ ഉണ്ടല്ലോ. സാധാരണ എന്നും തനിച്ചാണ്. ആരോടും മിണ്ടാതെ ഒറ്റയ്ക്ക് നടന്നു വരുന്ന അവള്‍ ഒരു പുഞ്ചിരി തരാന്‍ പക്ഷെ മറക്കാറില്ല.
അടുത്തു വരുംതോറും മനസ്സിന്‍റെ പിടച്ചില്‍ കൂടി വന്നു. ഇന്നും തുറന്നു പറയാന്‍ പറ്റില്ലല്ലോ ഈശ്വരാ. കൂടെ ഒരുത്തന്‍ വരുന്നു. അവര്‍ സംസാരിക്കുന്നുണ്ട്, ചിരിക്കുന്നുണ്ട്. അവള്‍ വളരെ ഹാപ്പി ആയതു പോലെ. എന്നും കാണാത്ത ഒരു തിളക്കം ആ മുഖത്ത്. അടുത്തെത്തിയപ്പോള്‍ ഒന്നുമറിയാതെ പോലെ അവന്‍ തിരഞ്ഞു താഴെ വീണ്ടും മല്‍സ്യക്കുഞ്ഞുങ്ങളെ നോക്കി. തന്‍റെ തൊട്ടടുത്തു കാല്‍പെരുമാറ്റം കേട്ടപ്പോള്‍ അവന്‍ തല ഉയര്‍ത്തി നോക്കി. അത്ഭുതകരം...!! രണ്ടുപേരും തന്‍റെ തൊട്ടുമുന്നില്‍, തന്നെ നോക്കി പുഞ്ചിരിക്കുന്നു. ചിരിക്കണോ..അതോ..എന്തായാലും ചിരിച്ചു എന്ന് വരുത്തി...
"എന്താ പേര്" ?
ഹോ..ആദ്യമായാണ്‌ ആ ശബ്ദം കേള്‍ക്കുന്നത്. ശബ്ദത്തിനും എന്തൊരു ആകര്‍ഷണത!
"പേര്...വിനോദ്"
"എന്നും ഇവിടെ കാണാറുണ്ട്‌. ഇത് എന്‍റെ അമ്മാവന്‍റെ മകന്‍ "സുദീപ്". അടുത്ത ഞായറാഴ്ച ഞങ്ങള്‍ തമ്മിലുള്ള വിവാഹമാണ്. താങ്കള്‍ വരണം"
അവള്‍ നീട്ടിയ വിവാഹ ക്ഷണക്കത്ത് വാങ്ങുബോള്‍ കൈ വിറചിരുന്നോ...
"ദിവസം മറക്കേണ്ട കേട്ടോ" ..സുദീപ് തന്‍റെ തോളില്‍ പതുക്കെ തട്ടിക്കൊണ്ട് പറയുമ്പോള്‍ തന്‍റെ ശരീരത്തിലൂടെ ഒരു വൈദ്യുത പ്രവാഹം കടന്നു പോയ പോലെ.
നടന്നു നീങ്ങുന്ന യുവമിഥുനങ്ങളെ നോക്കി നില്‍ക്കുമ്പോള്‍ ഉതിര്‍ന്നു വീണ ഒരു തുള്ളി കണ്ണുനീര്‍ അവന്‍ ആരും കാണാതെ ചൂണ്ടു വിരല്‍ കൊണ്ട് തുടച്ച് നീക്കി കലപില കൂടുന്ന മല്‍സ്യക്കുഞ്ഞുങ്ങളെ നോക്കി വീണ്ടും കലുങ്കിന്‍റെ മുകളില്‍ പതുക്കെ ഇരുന്നു, തന്‍റെ കാത്തിരിപ്പിനവസാനം കുറിച്ചുകൊണ്ട്.

2012, മേയ് 9, ബുധനാഴ്‌ച

ഓണ്‍ലൈന്‍ പ്രണയം - ഭാഗം രണ്ട്

ഒരു തമാശക്ക് വേണ്ടി ഫൈക് ആണെന്ന് കരുതി പ്രണയം അഭിനയിച്ചു ഊരാകുടുക്കില്‍ ചാടിയ കഥയുടെ രണ്ടാം ഭാഗം.
 ഒന്നാം ഭാഗത്തിന് താഴെ ക്ലിക്കുക..

http://www.abuhaanikwt.blogspot.com/2011/11/blog-post_23.html

ദിവസങ്ങള്‍ കടന്നു പോയ്ക്കൊണ്ടിരിക്കുന്നു. ഈ പ്രണയ കുരുക്കില്‍ നിന്നും എങ്ങിനെ തലയൂരും എന്നാണു മനസ്സ് നിറയെ. മനസ്സില്‍ വേവലാതി വളരെയധികം ഉണ്ട്. എന്ത് മറച്ചു വച്ചാലും എന്‍റെ ബീവിക്ക് പെട്ടെന്ന് മനസ്സിലാകും. അവളെ വേദനിപ്പിക്കുന്നതാണ് എങ്കിലും സത്യങ്ങള്‍ മാത്രമേ ഞാന്‍ അവളോട്‌ പറയാറുള്ളൂ. പക്ഷെ ഈ കാര്യം എങ്ങിനെ പറയും. മറച്ചു വെയ്ക്കുംതോറും മനസ്സിന്‍റെ നീറ്റല്‍ കൂടിക്കൊണ്ടിരിക്കുന്നു. അന്ന് വെള്ളിയാഴ്ചയായിരുന്നു. അവളെ വിളിക്കണം, സംസാരിക്കണം തീരുമാനിച്ചു. വീട്ടില്‍ നിന്നും വൈകുന്നേരം പുറത്തിറങ്ങി. "ഇപ്പൊ വരാം" ഭാര്യയുടെ ചോദ്യത്തിന് അത്ര മാത്രമേ ഉത്തരം കൊടുത്തുള്ളൂ. ഫ്ലാറ്റ്ന്‍റെ അടുത്തു ഇന്റര്‍നെറ്റ്‌ കാളിംഗ് സൗകര്യം ഉണ്ട്. അവിടെ പോകാതെ കാറെടുത്ത് അല്‍പം ദൂരെയുള്ള കാളിംഗ് സെന്‍റര്‍ലേക്ക് വിട്ടു. സാധാരണ കാളിംഗ് സെന്റെറില്‍ പോയി ഫോണ്‍ ചെയ്യാറില്ല. വീട്ടില്‍ തന്നെയിരുന്നു വിളിക്കാറാണ് പതിവ്. ഇതിപ്പോ വീട്ടില്‍ സംസാരിക്കേണ്ട വിഷയമല്ലല്ലോ.
കുവൈറ്റ്‌ സമയം വൈകുന്നേരം അഞ്ചു മണി. ഇന്ത്യന്‍ സമയം ഏഴു മണി കഴിഞ്ഞു മുപ്പതു മിനിറ്റ്. "ഖല്ബിലെത്തീ...." അവളുടെ ഫോണിലെ കാള്‍ റെസീവിംഗ് ടോണ്‍ ഈ മനോഹരമായ പാട്ടാണ്. "ഹലോ" മനോഹരമായ ആ പാട്ട് തടസ്സപ്പെടുത്തിക്കൊണ്ട് അവളുടെ കിളിനാദം മുഴങ്ങി. "ഹോ ഇതാര്..എന്ത് പറ്റി എന്‍റെ മോന്....ഒന്ന് വിളിക്കാന്‍ തോന്നി" എന്‍റെ ശബ്ദം കേട്ടതും അവളുടെ പ്രതികരണം. ഞാന്‍ അത്ഭുതപ്പെട്ടു, എന്‍റെ ശബ്ദം ഇത്രപെട്ടെന്ന് അവള്‍ക്കെങ്ങിനെ മനസ്സിലായി! അത് മനസ്സിലാക്കിയത് പോലെ "എനിക്ക് പുറത്തു നിന്നും ആരും വിളിക്കാനില്ല, ഇക്കയല്ലാതെ".
"സുഖാണോ നിനക്ക്?" എന്‍റെ ചോദ്യത്തില്‍ വല്ലാത്ത ഒരു ഔപചാരികത വന്നുവോ?
"സുഖാണ് ഇക്കാ...എന്നാലും എന്താ എന്നെ വിളിക്കാത്തെ ? ഞാന്‍ മിസ്സ്‌ ഇടുന്നത് കാണാറില്ലേ" ?
"തിരക്കാണ് കുട്ടീ, പിന്നെ അങ്ങിനെ പെട്ടെന്ന് വിളിക്കാന്‍ പറ്റില്ലല്ലോ"
"നീ എവിടെയാ? എനിക്ക് സംസാരിക്കാവോ ?"...."ഞാന്‍ ഇപ്പൊ വീടിന്‍റെ പുറകു വശത്താ..ഇക്കാ രണ്ടു നിമിഷം ഹോള്‍ഡ്‌ ചെയ്യൂ..ഞാന്‍ എന്‍റെ റൂമിലേക്ക്‌ പോകാം"...ഓടുകയാണെന്ന് തോന്നുന്നു. വല്ലാതെ അണക്കുന്നുണ്ട്.
"ഇക്കാ" ഡോര്‍ വലിച്ചടക്കുന്ന ശബ്ദത്തോടൊപ്പം അവളുടെ ശബ്ദവും. "പറ ഇക്കാ എന്തൊക്കെയുണ്ട് വിശേഷങ്ങള്‍"
"പറയാന്‍ ഒരു പാടുണ്ട് കുട്ടീ...നീ ക്ഷമയോടെ കേള്‍ക്കണം"
"എന്നോട് പ്രണയത്തില്‍ നിന്നും പിന്മാറാന്‍ മാത്രം പറയരുത്, അതിനു ഞാന്‍ മരിക്കണം" അവളുടെ സ്വരത്തില്‍ വല്ലാത്ത ഒരു ദൃഡനിശ്ചയം. ഞാന്‍ ഒന്ന് പതറിയെങ്കിലും ക്ഷമ കൈവിടാതെ സംസാരിച്ചു. ഏകദേശം ഒന്നരമണിക്കൂര്‍ നീണ്ട സംഭാഷണങ്ങള്‍. ഇടയ്ക്ക് പള്ളിയില്‍ നിന്നും മുഴങ്ങി കേട്ട ബാങ്ക് വിളി എനിക്ക് പോകാന്‍ ധൃതിയായി.
"ഇക്ക പറയുന്നതെല്ലാം ഞാന്‍ അനുസരിക്കാം. പക്ഷെ എനിക്ക് ഇക്കയെ കാണണം. ഇനിയും ഞാന്‍ വെയിറ്റ് ചെയ്യില്ല. ഒരു മാസത്തിനകം ഇക്ക ഇവിടെ എത്തണം..ഇല്ലെങ്കില്‍ ഞാന്‍ മരിച്ചു കളയും...അറിയാല്ലോ" ..."ഓക്കേ..സമ്മതിച്ചു. ഞാന്‍ വരാം..."
ഇന്റര്‍നെറ്റ്‌ കാളിംഗ് സെന്ററില്‍ നിന്നും ഇറങ്ങുമ്പോള്‍ മനസ്സ് അല്‍പം തണുത്തിരുന്നെങ്കിലും എങ്ങിനെ നാട്ടില്‍ പോകും എന്നായിരുന്നു ചിന്ത. ജൂണിലേ കുട്ടികള്‍ക്ക് സ്കൂള്‍ അടയ്ക്കൂ. ജൂണ്‍ മാസമാവാന്‍ ഇനിയും സമയമുണ്ട്. എങ്ങിനെ ഒറ്റയ്ക്ക് നാട്ടില്‍ പോകും ? ബീവിയോടു എന്ത് പറയും ? ആലോചനകള്‍ക്ക്, ചിന്തകള്‍ക്ക് ഒരു രൂപവും ആവുന്നില്ല. എങ്ങിനെ എങ്കിലും പോയേ തീരൂ. ഈയിടെ മാധ്യമങ്ങളില്‍ വായിച്ച ഒരു വാര്‍ത്ത എന്നെ വല്ലാതെ അലട്ടുന്നുണ്ട്. ഒരു ജില്ലാ കലെക്ടരുടെ അനിയനെ അറസ്റ്റ് ചെയ്ത വാര്‍ത്ത. ഒരു വര്‍ഷം മുന്‍പ് ആതമഹത്യ ചെയ്ത പെണ്‍കുട്ടിയുടെ ഒരെഴുത്ത്, പ്രണയം ചീറ്റിയതിനാല്‍ ആതമഹത്യ ചെയ്തു എന്ന വാര്‍ത്ത, കാമുകന്‍ കുടുങ്ങി. എനിക്കാലോചിക്കാന്‍ വയ്യ. കെട്ടിത്തൂങ്ങി എന്‍റെ പേരങ്ങാനും എഴുതി വച്ചാല്‍ ...!! ഹോ ഓര്‍ക്കുമ്പോള്‍ തന്നെ ഞെട്ടല്‍ ഉളവാകുന്നു.
വൈദ്യന്‍ കല്‍പിച്ചതും പാല്, രോഗി ഇച്ചിച്ചതും പാല് എന്ന ചൊല്ല് അന്വര്‍ഥമാക്കുന്ന ഒരു അവസരം വന്നു. ഒരു ബിസിനസ്‌ ട്രിപ്പ്‌. ഒരാഴ്ചത്തേക്ക്. പോകേണ്ടത് ഞാനല്ല. അത് എന്‍റെ പേരില്‍ ആക്കാനുള്ള തന്ത്രപ്പാട് വിജയിച്ചില്ല. പക്ഷെ അങ്ങിനെ ഒരു ഡോക്യുമെന്റ് ഉണ്ടാക്കാന്‍ സാധിച്ചു. ട്രിപ്പ്‌ ബഹ്‌റൈന്‍ ആണെങ്കിലും, അതില്‍ ബോംബെ എന്നടിച്ചു കോപ്പി എടുത്തു. "ഡീ എനിക്ക് മുംബൈ വരെ പോവണം. അത്യാവശ്യമാണ്".
"നാട്ടില്‍ പോകുമോ"..."ചിലപ്പോ..ടൈം കിട്ടിയാല്‍".
നാട്ടില്‍ നിന്നും വന്നിട്ട് മാസങ്ങളെ ആകുന്നുള്ളൂ..പെട്ടെന്ന് ഈ യാത്ര കുറച്ചു ക്ഷീണം ചെയ്യും എന്നെനിക്കറിയായിരുന്നു. മാത്രമല്ല നല്ല ചൂടും. ചുട്ടുപൊള്ളുന്ന ചൂടിനു പുറമേ ഹുമിടിറ്റി സഹിക്കാന്‍ വയ്യ. കോഴിക്കോട് വിമാനമിറങ്ങുമ്പോള്‍ അത് ശെരിക്കനുഭവിച്ചു. മഴക്കാലത്ത് വരാറുള്ളത് കാരണം ഈ ചൂട് അനുഭാവിക്കാറില്ല. ഇമിഗ്രേഷന്‍ കഴിഞ്ഞു പുറത്തിറങ്ങിയ ഉടന്‍ ആളുകള്‍ വളയുന്നു. ചേട്ടാ ദിര്‍ഹം ഉണ്ടോ? റിയാല്‍ ഉണ്ടോ? ദിനാര്‍ ഉണ്ടോ ..എന്ന് ചോദിച്ചു കൊണ്ട്. എയര്‍പോര്‍ട്ടില്‍ നിന്നും വാങ്ങിയ കൂപ്പണുമായി ടാക്സി സ്റ്റാന്റിലേക്ക്‌ നടന്നു. നേരെ കോഴിക്കോട് ടൌണിലേക്ക് വിട്ടു. ബന്ധുക്കള്‍ നിറയെ ഉള്ള സ്ഥലമാണ്. ഹോട്ടെലില്‍ നിന്നും പുറത്തിറങ്ങിയില്ല. എത്തിയ ഉടനെ അവളെ വിളിച്ചു. വന്ന വിവരം അറിഞ്ഞപ്പോള്‍ സന്തോഷമായി. "നിങ്ങളെ കണ്ടിട്ട് ഒന്ന് മരിച്ചാലും വേണ്ടീല" കിളിമൊഴി
"നീ മരിക്കാതിരിക്കാനാ ഞാന്‍ ഇത്ര ബുദ്ധിമുട്ട് സഹിച്ചു വന്നത്" അതിനൊരു ചിരി മാത്രമായിരുന്നു മറുപടി. അവളുമായി ഉള്ള സംസാരത്തില്‍ മാക്സിമം ഒരകലം ഞാന്‍ പാലിച്ചിരുന്നു. "ഞാന്‍ ആകെ തളര്‍ന്നിരിക്കുന്നു. നമുക്ക് നാളെ തന്നെ കാണണം. ഞാന്‍ എവിടെ വരണം?"
കുറച്ചു സമയം മിണ്ടാട്ടമില്ല..."ഹലോ യു ദേര്‍" ? "വെയിറ്റ് ഇക്കാ..ഞാന്‍ ആലോചിക്കുകയാണ്"
"നമുക്ക് കോട്ടക്കുന്നില്‍ സന്ധിക്കാം"...."ഓക്കേ.." ഞാന്‍ സമ്മതിച്ചു.
മലപ്പുറം കോട്ടക്കുന്ന്. മനോഹരമായ സ്ഥലം. മലപ്പുറം ഗോവെര്‍മെന്റ്റ് കോളേജ്, അത് പോലെ മലപ്പുറത്ത് നിരന്നു കിടക്കുന്ന പാരലല്‍ കോളേജ്കളിലെ സുന്ദരികളും സുന്ദരന്മാരും തങ്ങളുടെ കൊച്ചു കൊച്ചു പ്രണയ മന്ത്രങ്ങള്‍ പങ്കു വെയ്ക്കുന്ന സ്ഥലമാണ്. ഞാന്‍ ഗവണ്മെന്റ് കോളേജില്‍ പഠിച്ചിരുന്ന കാലത്ത് അവിടെ പ്രകൃതിയുടെ മനോഹരമായ കുന്നായിരുന്നു. ഇന്ന് ടൈല്‍സ് പാകി, കെട്ടിയുണ്ടാക്കിയ നിരവധി സൌധങ്ങളുമായി പ്രകൃതിയെ വെല്ലുവിളിച്ചു ഒരു വിനോദ കേന്ദ്രമാക്കിയിരിക്കുന്നു.


മോളെ വല്ലാതെ മിസ്സുന്നു. പപ്പാ വരുമ്പോള്‍ ചോക്ലെയ്റ്റ് കൊണ്ട് വരാം എന്ന് പറഞ്ഞാണ് ഇറങ്ങിയത്‌. എത്തിയ ഉടനെ വിളിച്ചു. മക്കളും ബീവിയും ഞാന്‍ പോന്ന സങ്കടത്തിലാണ്. "ബോംബയില്‍ ഇറങ്ങി നേരെ ഹോട്ടലിലേക്ക് പോന്നു". ബീവിയോടു കള്ളം പറയുമ്പോള്‍ ശബ്ദത്തിന് ഒരു പതര്‍ച്ച വന്നിരുന്നോ ? അതവള്‍ മനസ്സിലാക്കിയ പോലെ..."എന്താ ശബ്ദം വല്ലാതെയിരിക്കുന്നെ. തലവേദന ഉണ്ടോ?"
"ഒന്നുമില്ല ഞാന്‍ കിടക്കട്ടെ" ഫോണ്‍ വച്ച് വേഗം ബാത്ത് റൂമിലോട്ട് കയറി.

യാത്രാക്ഷീണം കാരണം നന്നായി ഉറങ്ങി. മൊബൈലില്‍ നിരവധി മിസ്സ്‌ കാള്‍സ്, പ്രണയിനിയുടെത്! പ്രാതല്‍ കഴിയുന്നത്‌ വരെ തിരിച്ചു വിളിച്ചില്ല. അതിനിടയില്‍ കുറെ തവണ കൂടി അവള്‍ വിളിച്ചു. എന്തോ ഫോണെടുക്കാന്‍ തോന്നിയില്ല.
"എന്താ മാഷെ ...ഒന്ന് ഫോണ്‍ എടുത്തൂടെ ? എത്ര വിളി വിളിച്ചു.." തിരിച്ചു വിളിച്ചപ്പോള്‍ പരാതിയുടെ പ്രവാഹം. "നമ്മള്‍ തമ്മില്‍ കാണാന്‍ പോവുകയല്ലേ പിന്നെ എന്താ"..എന്‍റെ ഒഴുക്കന്‍ മറുപടി അവള്‍ക്കു തൃപ്തി ആവാത്തത് പോലെ "ഒവ്വ്"...
"എപ്പോഴാണ് വരുന്നത്"..? "ഞാന്‍ ഒരു പത്തു മിനിട്ടിനകം ഇവിടെ നിന്നും തിരിക്കും, ടാക്സിയില്‍ ആണ് വരുന്നത്. ഒരു മണിക്കൂര്‍ കൊണ്ട് മലപ്പുറത്ത് എത്തിച്ചേരും"
"ഓക്കേ..അപ്പോള്‍ ഒരു പത്തു മണിക്ക് ഇവിടെ എത്തും അല്ലെ ? ശെരി..ഞാന്‍ അവിടെ ഉണ്ടാകും..എന്‍റെ ഫോട്ടോ കണ്ടത് കാരണം ആളെ അറിയാന്‍ ബുദ്ധിമുട്ടുണ്ടാവില്ലല്ലോ അല്ലെ ?"
"ഇല്ല. ഞാന്‍ കണ്ടു പിടിച്ചോളാം"


കയ്യില്‍ കരുതിയിരുന്ന "My Glow" പെര്‍ഫ്യൂം എടുത്തു കാറില്‍ കയറുമ്പോള്‍ മനസ്സില്‍ ഒരു പെരുമ്പറ കൊട്ടുകയായിരുന്നു. മനസ്സില്‍ ഉറച്ച തീരുമാനം എടുത്തിരുന്നു എങ്കിലും ആ ഉറപ്പോക്കെ ആവിയായ പോലെ. പണ്ട് പരീക്ഷ ഹാളില്‍ ഇരിക്കുമ്പോഴാണ് ഇങ്ങിനെയുള്ള ടെന്‍ഷന്‍ ഉണ്ടായിരുന്നത്.
ചൂടിനു ശക്തി പ്രാപിച്ചിട്ടില്ല. എങ്കിലും ഡ്രൈവര്‍ ഏസി സ്വിച്ച് ഓണ്‍ ചെയ്തിട്ടുണ്ട്. പൊതുവേ മലപ്പുറത്തെ മെയിന്‍ ഹൈവേകള്‍ എല്ലാം സുന്ദരമാണ്, മറ്റു ജില്ലകളെ അപേക്ഷിച്ച്. കോഴിക്കോട് ടൌണില്‍ നിന്നും ഇടിമുഴിക്കല്‍ വരെയുള്ള പുതിയ ബൈപാസ് റോഡ്‌ മനോഹരമാണ്. ആവശ്യത്തിനു വീതിയുള്ള ഹൈവേ. വലത്തെ സൈഡില്‍ വയലും ഇടത്തെ സൈഡില്‍ തെങ്ങിന്‍ തോപ്പുകളും നിറഞ്ഞ സുന്ദരമായ പ്രകൃതി.

മലപ്പുറം കോട്ടക്കുന്നില്‍ എത്തുമ്പോള്‍ സമയം പത്തു മണി കഴിഞ്ഞു പതിനഞ്ചു മിനിറ്റ്. ഞായറാഴ്ചയായത്‌ കാരണം കൂട്ടക്കുന്നില്‍ ജനക്കൂട്ടം ഉണ്ട്. രാവിലെയും ആളുകളെ കണ്ടപ്പോള്‍ എനിക്കല്‍ഭുതം തോന്നി. ചിലര്‍ ജോഗ്ഗിംഗ് ചെയ്യുന്നുണ്ട്. കൌമാരക്കാരായ ആണ്‍-പെണ്‍കുട്ടികള്‍ അവിടവിടെ ചുറ്റിക്കറങ്ങുന്നുണ്ട്. എന്‍റെ കണ്ണുകള്‍ മൊത്തം കറങ്ങുകയാണ്.
" ഈ കൂളിംഗ് ഗ്ലാസ്‌ ഊരി വയ്ക്കാറില്ലേ" ? തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു സ്ത്രീ എന്‍റെ പുറകില്‍, വെളുത്തു മെലിഞ്ഞു, നല്ല ഓറഞ്ച് കളറില്‍ പൂക്കള്‍ വാരി വിതറിയ സാരി ഉടുത്തു പുഞ്ചിരിച്ചു നില്‍ക്കുന്നു.
പതുക്കെ ഗ്ലാസ്‌ ഊരി മാറ്റി ഞാന്‍ പുഞ്ചിരിയോടെ ചോദിച്ചു "ആരാ' ?
"എവിടെയെങ്കിലും കണ്ടതായി ഓര്‍ക്കുന്നുണ്ടോ" ചോദ്യം വീണ്ടും... ഞാന്‍ ഓര്‍ത്തെടുക്കാന്‍ പണിപ്പെടുകയാണ്..പക്ഷെ നല്ല മുഖ പരിചയം തോന്നുന്നു...കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പേ എങ്ങോ കണ്ട പോലെ...എന്നാലും ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല.
"ഊം...ഓര്‍മ്മ കാണില്ല.." എന്നെ അടിമുടി നോക്കികൊണ്ട്‌ അവള്‍ തുടര്‍ന്നു "പക്ഷെ തനിക്കു മാറ്റങ്ങള്‍ ഒന്നുമില്ല..'കുറച്ചു തടിചിട്ടുണ്ട്, കുറച്ചു നിറവും വെയ്ചിട്ടുണ്ട്...മുടിക്ക് പഴയ തിക്നെസ്സ് ഇല്ല" ...
ഞാന്‍ വെറുതെ ചിരിച്ചു.."എന്നെ നന്നായി അറിയുന്ന ആളാണ്‌..ബട്ട്‌ ഐ അം സോറി...എനിക്ക് നല്ല പരിചയമുള്ള മുഖം, പക്ഷെ ഓര്‍മ്മ കിട്ടുന്നില്ല"...
"ഹഹ..ഇനിയും കുഴക്കുന്നില്ല..എന്‍റെ പേര് പറഞ്ഞാല്‍ ഒരു പക്ഷെ അറിയും..."സന്ധ്യ സുരേഷ്"...
"ഹോ..യാ" നൌവ് ഗോട്ട്. "എന്‍റെ പഴയ കോളേജ് രാഷ്ടീയ എതിരാളി"...ഊം.."അഹഹ്..അതെയതെ"....

പ്രീഡിഗ്രിക്ക് രണ്ടാം വര്‍ഷമാണ്‌ ഞങ്ങളുടെ ഫൈറ്റ് നടക്കുന്നത്..ഞാന്‍ കെ എസ് യു, അവള്‍ എസ് എഫ് ഐ. രണ്ടു പേരും കോളേജ് യൂണിയന്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നു. സംഘര്‍ഷവും സംഘട്ടനവും ധാരാളം ഉണ്ടായിരുന്ന ആ കോളേജ് ഇലക്ഷന്‍ വേളയില്‍ എന്‍റെ എസ് എഫ് ഐ കാരിയായിരുന്ന കാമുകി 'നിസിയുടെ' ഇടപെടല്‍ കാരണം അവള്‍ക്കു കിട്ടേണ്ട ഒട്ടനവധി പെണ്‍കുട്ടികളുടെ വോട്ടുകള്‍ എനിക്ക് കിട്ടുകയും ഞാന്‍ ജയിക്കുകയും ചെയ്തു. വിദ്വേഷം മൂത്ത സന്ധ്യ, നിസിയെ അപമാനിക്കുകയും അത് വഴി അവള്‍ക്കു കോളേജില്‍ നിന്നുതന്നെ പുറത്തു പോവേണ്ടി വരികയും ചെയ്തു..
"സന്ധ്യ താന്‍ ഇപ്പൊ.....?" എന്‍റെ ആകാംക്ഷ ഞാന്‍ അടക്കി വച്ചില്ല. "ഹഹ..പഴയതൊന്നും ഞാന്‍ മറന്നിട്ടില്ല..ഞാനിപ്പോള്‍ ഒരു ദന്ത ഡോക്ടര്‍ ആണ്, സ്വന്തം ക്ലിനിക്‌മായി സ്വസ്ഥം കഴിയുന്നു"
"ഭര്‍ത്താവ് ? കുട്ടികള്‍ ?" എന്‍റെ ചോദ്യങ്ങള്‍ക്ക് അവള്‍ പുഞ്ചിരിയോടെ മറുപടി പറഞ്ഞു "ഇല്ല കല്യാണം കഴിച്ചിട്ടില്ല..അതൊക്കെ കുറച്ചു തമാഷകളിലൂടെ കഴിഞ്ഞു പോയി..ഞാനിപ്പോള്‍ അതിനെക്കുറിച്ച് ചിന്തിക്കുന്നില്ല"...എന്തൊക്കെയോ ചിലത് അവള്‍ മറക്കുന്നതായി എനിക്ക് തോന്നി.

"അതൊക്കെ പോട്ടെ ..താന്‍ എന്താ ഇവിടെ" ? എന്‍റെ സംശയം നീളുന്നതായി തോന്നിയത് കൊണ്ടാവാം ഇടയ്ക്ക് കയറി അവള്‍ ചോദിച്ചു...ഹോ..ആ ചോദ്യം ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല....എന്ത് പറയും.."ഞാന്‍..ഇവിടെ ..ചുമ്മാ"...
"അതെന്താടാ രാവിലെ ചുമ്മാ ഇവിടെ..ങേ" അവള്‍ വിടാനുള്ള ഭാവമില്ല
"ഒന്നുമില്ല..ഒരാള്‍ ഇവിടെ വരാം എന്ന് പറഞ്ഞിരുന്നു"....
"ആര്" ?
"എന്‍റെ ഒരു സുഹൃത്ത്"...."സുഹൃത്ത് ആണോ പെണ്ണോ " ?? അവള്‍ വിടുന്നില്ല.."പെണ്ണ്"...
"ങേ ...നിന്‍റെ പഴയ ചുറ്റിക്കളിയൊന്നും ഇത് വരെ മാറിയിട്ടില്ലെ"..."ശ്ശെ..അതല്ല...അങ്ങിനെയൊന്നുമില്ല" എന്‍റെ ചമ്മല്‍ അവള്‍ മനസ്സിലാക്കിയപോലെ...
"നീ വാ..നമുക്കങ്ങോട്ടു ഇരിക്കാം"...ഒരു ഇരിപ്പിടം ചൂണ്ടി അവള്‍ പറഞ്ഞു..."അല്ല..നീ എന്താ ഇവിടെ" എന്‍റെ സംശയം ഞാന്‍ ചോദിച്ചു. "ഞാനും ഒരാളെ കാത്തിരിക്കുകയാണ്" ..ഇരിപ്പിടത്തിലെ പൊടി തട്ടിക്കൊണ്ടു അവള്‍ പറഞ്ഞു..
കുറച്ചു നേരം രണ്ടുപേര്‍ക്കുമിടയില്‍ മൌനം തളം കെട്ടി നിന്നു..
"ബാബു....ഞാന്‍ ഒരു മധുരമായ പ്രതികാരം വീട്ടിയ സന്തോഷത്തില്‍ ആണ്.."
"ങേ..എന്ത് പ്രതികാരം...ആരോട്"...?
"നീ കാണാന്‍ ആഗ്രഹിച്ചു വന്ന പെണ്‍കുട്ടി ഞാനാണ്"....അത് പറഞ്ഞു കൊണ്ട് അവള്‍ അല്‍പം നീങ്ങിയിരുന്നു..എന്‍റെ നേര്‍ക്ക്‌ നോക്കി..എന്ത് പറയണം എന്നറിയാതെ ഞാന്‍ കുഴങ്ങുന്നത് അവള്‍ ആസ്വദിക്കുന്നതായി തോന്നി...മനസ്സില്‍ എന്താണ് ...അമര്‍ഷമോ...നിരാശയോ..അതോ സങ്കടമോ...അതോ ആത്മനിന്ദയോ..അറിയില്ല..വ്യത്യസ്ത ഭാവങ്ങളുടെ ഒരു സംഘര്‍ഷം തന്നെ മനസ്സിലുടലെടുത്തു..എങ്കിലും ഞാന്‍ ശാന്തമായി നിരവധി ചോദ്യങ്ങള്‍ സ്ഫുരിക്കുന്ന ഒരു നോട്ടം അവളെ നേര്‍ക്കെറിഞ്ഞു.
"നിന്‍റെ സംശയങ്ങള്‍ എനിക്കറിയാം, ഞാന്‍ അയച്ചു തന്ന ഫോട്ടോസ്..എന്‍റെ ശബ്ദം, അതെല്ലാം ഞാനുമായി മാച്ച് ആവുന്നില്ല അല്ലെ...ശബ്ദം എന്‍റെ ഒരു സ്റ്റാഫ്‌ നഴ്സ്..ഫോട്ടോ..അത് പിന്നെ ഇന്റര്‍നെറ്റില്‍ നിന്നും കിട്ടാനാണോ പണി...? നിനക്ക് തന്ന നമ്പര്‍ എന്‍റെ സ്റ്റാഫ്‌ നഴ്സിന്റെ അടുത്തു തന്നെയാണ് സ്ഥിരമായി..ഇനി ഞാന്‍ എന്തിനു..ഇത് ചെയ്തു എന്ന് ചോദിച്ചാല്‍ ഇത് ഒരു തമാശ മാത്രം..നതിംഗ് സീരിയസ്..നിന്നെ കൂട്ടത്തില്‍ കണ്ടപ്പോള്‍ ഒരു നമ്പര്‍ ഇടണം എന്ന് തോന്നി. തിരക്കഥയും സംഭാഷണങ്ങളും ഒന്നുമില്ലാതെ കഥകള്‍ അതിന്‍റെ രീതിയില്‍ മുന്നോട്ടു പോയപ്പോള്‍ എനിക്കും ഒരാവേശം തോന്നി. ഇത് നീ പഴയ സംഭവങ്ങളുടെ തുടര്‍ച്ചയായി കാണരുത്...ഒരു കാര്യത്തില്‍ ഞാന്‍ നിന്നെ പ്രത്യേകം അഭിനന്ദിക്കുന്നു..എന്‍റെ കെണിയില്‍ ഞാന്‍ ഉദ്ദേശിച്ച രീതിയില്‍ നീ വീണില്ല...കീപ്‌ ഇറ്റ്‌ അപ്പ്..യുവര്‍ വൈഫ്‌ ഈസ്‌ എ ലക്കി ലേഡി"
എനിക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല..കയ്യില്‍ കരുതിയിരുന്ന പെര്‍ഫ്യൂം എടുത്തു അവള്‍ക്കു കൊടുത്തു കൊണ്ട് ഞാന്‍ പറഞ്ഞു.."താങ്ക്യൂ ഫോര്‍ എവെരിതിംഗ്"..പതുക്കെ എണീറ്റ്‌ നടക്കുമ്പോള്‍..അവള്‍ പുറകെ നിന്നും വിളിച്ചു..'ബാബു'
തിരിഞ്ഞു നിന്ന എന്‍റെ അടുത്തേക്ക്‌ അവള്‍ ഒരു ചെറിയ പൊതിയുമായി വന്നു..എന്‍റെ കയ്യില്‍ വച്ചിട്ട് പറഞ്ഞു "എന്‍റെ ഒരു ചെറിയ ഉപഹാരം, നിന്‍റെ ഭാര്യക്ക്..എന്നോട് വെറുപ്പ്‌ തോന്നരുത്..എനിക്ക് എന്‍റെ ആ പഴയ എതിരാളിയായി തന്നെ നിന്നെ കാണണം, എന്‍റെ ഒരു നല്ല സുഹൃത്തായി"
"സന്ധ്യ..നീ കളിച്ചത് എന്‍റെ ജീവിതം വച്ചാണെങ്കിലും, എന്നെ കാത്ത ദൈവത്തോട് ഞാന്‍ നന്ദി പറയുന്നു...ഒരുപദേശം മാത്രം, വിവാഹം കഴിച്ചു ജീവിതം ആസ്വദിക്കുക...നീ എന്‍റെ സുഹൃത്തായി ഉണ്ടാവണം എന്നുണ്ടെങ്കില്‍.." മറുപടിക്ക് കാത്തു നില്‍ക്കാതെ നടന്നു നീങ്ങുമ്പോള്‍ മനസ്സ് ശാന്തമായിരുന്നു..ഒരു വലിയ ഭാരം ഇറക്കി വച്ചപോലെ..കണ്ണില്‍ നിന്നും മറയുന്നത് വരെ അവള്‍ അവിടെ എന്നെ നോക്കി നില്‍ക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു.....

2012, ഫെബ്രുവരി 21, ചൊവ്വാഴ്ച

വാടിയ പൂവ് (കവിത)


വാടാന്‍ തുടിക്കുന്ന പൂവേ...
വിടരാന്‍ കൊതിക്കാതത്തതെന്തേ..
പൂമഴയിതാ എത്തി നില്‍ക്കുന്നു..
നിന്‍ കവിള്‍ തലോടാന്‍..
നിന്‍ ഇതളില്‍ കുളിര്‍ പകരാന്‍..
മാരുതന്‍ വരുന്നു നിന്നെയുണര്‍ത്താന്‍
ഒരു പുഞ്ചിരി മാത്രം നല്‍കുമോ
നിന്‍ ചിരിയില്‍ മറക്കുന്നു എല്ലാം ഞാന്‍
നിന്‍ നോട്ടത്തില്‍ തളിരുന്നു എന്‍ മനം
നീയില്ലാതെ ഞാന്‍ എന്തിനു
നീയില്ലാതെ ലോകം അര്‍ത്ഥശൂന്യം
നീയില്ലാത്ത ജീവിതം നിരര്‍ത്ഥകം
വിടരൂ പൂവേ...വിടരൂ..കാണട്ടെ ഞാന്‍ കൊതിതീരെ...

2012, ജനുവരി 29, ഞായറാഴ്‌ച

മരണം (കവിത)

വരുമെന്നുറപ്പ്   ഭീതി ജനിപ്പിക്കുന്നു 
തടയാന്‍ മാര്‍ഗമൊന്നുമില്ല
ഒളിക്കാന്‍ ഇല്ല ഒരു മാര്‍ഗവും
ഒളിച്ചാല്‍ അവിടെയെത്തും അവന്‍..
വലിച്ചിറക്കീടും നിര്‍ദാക്ഷിണ്യം..
നിഷ്ടൂരം ഇവന്‍ നിഷ്ടൂരര്‍ക്ക്
ക്രൂരന്‍ ഇവന്‍  ക്രൂരര്‍ക്ക്...
നന്മ ചെയ്യുന്നവര്‍ ആസ്വദിക്കുന്നു അവനെ
അവന്‍ നല്‍കുന്നു സായൂജ്യം
അവന്‍ നല്‍കുന്നു സ്വര്‍ഗ്ഗ സന്ദേശം
അവന്‍ ആശ്വസിപ്പിക്കുന്നു ഈ ലോക നഷ്ടങ്ങള്‍ക്ക്
അവന്‍ നല്‍കുന്നു സുന്ദരമായ അനശ്വെര   ജീവിതം..
തിന്മ ചെയ്യുന്നവര്‍ ഭയാനകമായി  കാണുന്നു അവനെ
അവന്‍ നല്‍കുന്നു നരക സന്ദേശം
അവന്‍ താക്കീത് നല്‍കുന്നു ഈ ലോക സുഖങ്ങള്‍ക്ക്
അവന്‍ നല്‍കുന്നു ഭീകരമായ അനശ്വര ജീവിതം...
അവനാണ് മരണം..അവന്‍ എത്തും ഒരുനാള്‍
ഏവരെയും തേടി..എല്ലാ ശരീരവും..
ഒരു നാള്‍ രുചിക്കുക തന്നെ ചെയ്യും..മരണം